ksrtc സെമി സ്ലീപ്പർ യാത്രകൾ എന്നും ഒരു സുഖമുള്ള അനുഭവമായിരുന്നു, സീറ്റ് പുറകോട്ട് തട്ടി ചാഞ്ഞു ഒന്ന് കിടന്നാൽ, പിന്നെ ആന ചവിട്ടിയാൽ അറിയാത്ത ഉറക്കം. കെട്ടും മുട്ടും തൂക്കിയെടുത്തു ബസിൽ നിന്ന് ഇറങ്ങിയപ്പോ , അതിരാവിലെ തന്നെ ചാറ്റൽ മഴ മണ്ണിനോട് പരിഭവം പറഞ്ഞുകൊണ്ടിരുന്നു. മൂടിക്കെട്ടി തിമിർത്തു പെയ്യും മുൻപേയുള്ള ഒരു മുന്നറിയിപ്പ്.
എന്റെ പിറകിൽ തന്നെക്കാൾ വലിയ ഒരു ബാഗും തൂക്കി വരുന്നവനെ ആദ്യം പരിചയപ്പെടുത്താം. ബിടെക് പഠിച്ചിറങ്ങുന്നവർ സാധാരണ ഗതിയിൽ എന്തിനും പോന്ന തരക്കാരാണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. അതിൽ മെക്കാനിക്കൽ എന്ന ബ്രാഞ്ച് കൂടി ആണേൽ, ജീവിതത്തിൽ വരാനിരിക്കുന്ന ഒരു വിധം പ്രായോഗിക പരീക്ഷകൾ ഒക്കെയും പാസ് ആയവരായിരിക്കും .എന്നാൽ ഈ മഹാൻ അതുകൊണ്ടും നിർത്തിയില്ല. നേരെ പോയി എംടെക് എടുത്ത്, ആരും ഒന്ന് കയറാൻ ഭയക്കുന്ന മെക്കാനിക്കൽ ഡിപ്പാർട്മെന്റിലെ, തലതെറിച്ചവർ എന്ന് സ്വയം വിളിക്കുന്ന ഒരു കൂട്ടം യുവതലമുറയെ നിലക്ക് നിർത്തി വാർത്തെടുക്കുന്ന ഒരു പ്രൊഫസർ ആണ് ഇന്നദ്ദേഹം. സ്വന്തമായി ചികഞ്ഞെടുത്ത, വിജയകരമായ ഒരു പ്രണയ ജീവിതം നയിക്കുന്ന സൽസ്വഭാവി.
ലോ കോളേജ് പിള്ളേർ എന്നത് ഒരു രാജകീയത ആണ്. ഏത് നുണയും സത്യം ആക്കാൻ പരിശീലനം ലഭിച്ചവർ. അഞ്ചു വർഷത്തെ നിയമ പഠനം, സക്രിയമായ രാഷ്ട്രീയ പ്രവർത്തനം, പോസ്റ്റ് ഗ്രേഡുയേഷൻ, ഇതൊന്നും കൊണ്ട് നിർത്താതെ നിയമം പഠിക്കുന്നവരെ നിയമം പഠിപ്പിക്കാനും പോയി. സരസ്വതി കനിഞ്ഞു നൽകിയ വാക്ചാതുര്യം കൊണ്ട് എവിടെപ്പോയാലും ആരാധക ശല്യം. അദ്ദേഹം ആണ് ഏറ്റവും പിറകിലായി നടന്നു വരുന്ന ആ ഒരു ഐറ്റം.
കീർത്തനങ്ങളും, മന്ത്രങ്ങളും കൊണ്ട് ശബ്ദമുഖരിതമാണെങ്കിലും, മനസ്സിൽ മുഴുവൻ ആനന്ദത്തിൽ ആറാടിയ ഒരു നിശബ്ദത നിറഞ്ഞു നിന്നു. ദൂരെ നിന്നും അവൾ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ പുരുഷ സൗന്ദര്യത്തിന്റെ പരിമാണങ്ങളിൽ ഒതുങ്ങി നിൽക്കാത്ത ഒന്നായത് കൊണ്ടാവാം, പ്രകൃതിയെ മനുഷ്യൻ സ്ത്രീയായി ചിത്രീകരിച്ചത്.
ശ്വേതാംബരം ചുറ്റിയ യുവകന്യക കണക്കെ കോടമഞ്ഞിൽ മൂടി നിൽക്കുന്ന കുടജാധ്രി.
അമ്പല ദർശനവും കഴിഞ്ഞിറങ്ങി ,പ്രാതലും തട്ടി നേരെ ചെന്ന് കുടജാധ്രിയിലേക്കുള്ള ജീപ്പിനു വേണ്ടിയുള്ള വിലപേശൽ ആയിരിന്നു .പിരിച്ചു വച്ച മീശയും ആറടി ഉയരവും രണ്ടാളുടെ ആരോഗ്യം ഉള്ള ജീപ്പിന്റെ സാരഥി അശോകേട്ടൻ അഞ്ചിന്റെ പൈസ കുറയില്ലെന്ന് ആണയിട്ട് പറഞ്ഞപ്പോ പിന്നെ, ഞങ്ങളുടെ വാക്ചാതുര്യ വീര്യം അദ്ദേഹത്തിന്റെ കൈകളിൽ അടിയറവ് വച്ച് കൊണ്ട് യാത്രയായി.
മഴക്കാലങ്ങളിലെ വനാന്തര യാത്രകൾ വാക്കുകളിൽ അവതരിപ്പിക്കാൻ പ്രയാസമാണ്. ഈറനണിഞ്ഞു നിൽക്കുന്ന മരങ്ങളും , സൂര്യ കിരണം കൊണ്ട് സ്വയം അലങ്കരിച്ചു തിളങ്ങി നിൽക്കുന്ന പുൽനാമ്പുകളും, മഴയില്ലാത്ത ഇടവേളകളിൽ ഇണയോടൊപ്പം പറന്നുല്ലസിക്കുന്ന പറവകളും ഒക്കെ വാക്കുകൾക്ക് അതീതമായ അനുഭൂതികളാണ് .
കവലകളും കോളനികളും കടന്ന് പോയാൽ പിന്നെ വനത്തിനുള്ളിലൂടെ ഉള്ള ജീപ്പ് യാത്രയാണ്. മഴ നനഞ്ഞ വഴികളിൽ തെന്നിയും തെറിച്ചും നീങ്ങിയ ആ പേടകത്തെ നേർ വഴിക്ക് നയിച്ച് കൊണ്ടുപോയ അശോകേട്ടന്റെ വൈദഗ്ധ്യം ഞങ്ങളെ അതിശയിപ്പിച്ചു. ഇരു ഭാഗങ്ങളിലും വനം നിറഞ്ഞ മലഞ്ചെരിവുകൾ, അവയെ പുണരാൻ തയ്യറെടുക്കുന്ന കോടമഞ്. പ്രകൃതി അവളുടെ സൂചനകൾ തന്നു തുടങ്ങിയിരുന്നു, മനുഷ്യ മനസ്സിന്റെ പരിമിതികളെ വെല്ലുവിളിക്കാൻ പോന്ന ഒരു പ്രതിഭാസമായി മാറാനിരിക്കുന്നു എന്നതിന്റെ സൂചനകൾ .
കുടജാധ്രിയുടെ താഴ്വാരങ്ങളിൽ ഒന്നിൽ ജീപ്പ് നിർത്തി. അവിടെ നിന്നങ്ങോട്ട് കാൽനട യാത്ര ആണ്. ചെറിയ രണ്ടു കോവിലുകളിലെ തന്ത്രിമാർ ആൾക്കാരെ വരവേറ്റ് കൊണ്ട് പുരാണവും ഐതിഹ്യങ്ങളും വിശദീകരിച്ചുകൊണ്ടിരുന്നു. അവയെല്ലാം പിന്നിട്ട കൊണ്ട് നടന്നു നീങ്ങിയാൽ, കുടജാധ്രിയെ നമ്മൾ പുണർന്നു തുടങ്ങുകയായി. പടർന്നു നിൽക്കുന്ന കുന്നിൻ ചെരിവുകൾക്കിടയിൽ കൂടെ ഉയരങ്ങളിലേക്ക് നീണ്ടുകിടക്കുന്ന നടവീഥികൾ ഞങ്ങളെ മുന്നോട് നയിച്ചു.ഉയരം കൂടും തോറും കോട കനത്തു വന്നു. കാട്ടുപൂക്കളുടെ സുഗംധവും പേറി വരുന്ന ഇളം കാറ്റ്, കോടയിൽ ലയിച്ചു വന്നു മേൽ പതിഞ്ഞ ജല കണങ്ങൾ, അങ്ങനെ ഇന്ധ്രിയങ്ങളുടെ വിവിധ തലങ്ങളിലേക്ക് അവളുടെ സൗന്ദര്യം ആഴ്ന്നിറങ്ങാൻ തുടങ്ങിയിരുന്നു.
കാഴ്ചകൾ ഒപ്പിയെടുക്കാൻ ഒരു കാമറ നമ്മുടെ പ്രൊഫസർ ഒപ്പം കരുതിയിരുന്നു. ജീവൻ തുടിക്കുന്ന ഒരു നിശ്ചല ചിത്രത്തിന് വേണ്ടി, സ്വന്തം ജീവൻ പണയം വച്ച് നമ്മുടെ വക്കീൽ, മലഞ്ചെരുവിൽ ഒരു മരത്തിൽ ചാഞ്ഞു നില്കുന്നുണ്ടായിരുന്നു. രണ്ടു ക്ലിക്കുകൾക്ക് ശേഷം പ്രൊഫസർ, വളരെ പതിഞ്ഞ സ്വരത്തിൽ ആ സത്യം അരുളി, ‘അളിയാ മെമ്മറി കാർഡ് എടുത്തില്ല!!’, ശാന്തതയും സമാധാനവും ഒരു അല്പനേരത്തേക്കു വക്കീലിന് വേണ്ടി വഴിമാറി നീങ്ങി. ചെറിയ ഒരു വിസ്ഫോടന പ്രതീതി ഉളവാക്കിയ വാക്ശരങ്ങളിൽ അമർഷം ഒതുക്കി അദ്ദേഹത്തിന് തന്റെ സ്വപ്ന ചിത്രത്തിന്റെ ആശയം കൈവെടിയേണ്ടി വന്നു.
ഇരുളടഞ്ഞ വഴികൾ പിന്നിട്ടു കഴിഞ്ഞപ്പോൾ, ദൂരെ സർവ്വജ്ഞ പീഠം കാണാൻ സാധിച്ചു. ഇരുവശങ്ങളിലെയും കാഴ്ചകൾ ആസ്വദിച്ചു, പ്രകൃതിയെ മനസ്സുകൊണ്ട് അറിഞ്ഞു ഞങ്ങൾ അവിടം ലക്ഷ്യമാക്കി നടന്നു. സർവ്വജ്ഞ പീഠം എന്ന പേരിലുള്ള ആഴത്തിന്റെ ഗാംഭീര്യത വിളിച്ചോതുന്ന ഒരു കാഴ്ച അല്ല ഞങ്ങളെ വരവേറ്റത്, തികച്ചും ലളിതമായ രീതിയിൽ പാറ കൊണ്ട് നിർമിച്ച ഒരു ഒറ്റമുറി കെട്ടിടം. കാട്ടിനുള്ളിലെ ആ ചെറിയ സൗധത്തിനുള്ളിൽ പാറയിൽ കൊത്തിയെടുത്ത കലാസൃഷ്ടികളും, നിർമിക്കപ്പെട്ട ആ ഒരു കാലഘട്ടവും വച്ച് നോക്കുമ്പോ ഇത് ഒരു മഹാത്ഭുതം തന്നെ.
സർവ്വ ജ്ഞാനത്തിന്റെയും പ്രതീകമായി നിൽക്കുന്ന ആ ലളിത സുന്ദര സൗധത്തിനുള്ളിൽ വക്കീലും പ്രൊഫസറും ധ്യാന നിമഗ്നരായി. എന്തുകൊണ്ടോ ചുറ്റിലും ഉള്ള കാഴ്ചകളിൽ നിന്ന് കണ്ണുകൾ അടക്കാൻ എനിക്ക് കഴിഞ്ഞില്ല. യാത്രികർ എല്ലാം മടങ്ങാൻ തുടങ്ങിയിരുന്നു. പതുക്കെ കോടമഞ്ഞു മഴക്ക് വേണ്ടി വഴി മാറുന്നതും നോക്കി ഞൻ ഒരു പാറയിൽ ഇരുപ്പ് ഉറപ്പിച്ചു. പ്രകൃതിയുടെ ഈ ആകസ്മികത ആണ് അവളുടെ ഭംഗി,ക്ഷണനേരം കൊണ്ട് നമ്മുടെ കണ്മുന്നിൽ അവൾ വേഷം മാറുന്നു, കൂടുതൽ സുന്ദരി ആവുന്നു.
മഴ പതുക്കെ ശക്തി പ്രാപിച്ചു വന്നു, ധ്യാനത്തിൽ നിന്നുണർന്ന എന്റെ സഹയാത്രികർ തിരിച്ചു പോകാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു. എനിക്ക് അവിടം വിടാൻ തോന്നിയില്ല. സർവ്വജ്ഞ പീഠത്തിന്റെ പിറകെ വശത്തായി കൊടും വനത്തിൽ ഇറങ്ങിയാൽ ചിത്രമൂല എന്ന ഗുഹ ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
പാറകൾക്ക് ഇടയിലൂടെ ഉള്ള ഒരു ചെങ്കുത്തായ ഇറക്കം കഴിഞ്ഞാൽ പിന്നെ വനം ആണ്. അശോകേട്ടൻ പറഞ്ഞ സമയ പരിധിയോ,കാടും ഇരുട്ടും ഉയർത്തിയ വെല്ലുവിളികളോ ഓർക്കാതെ ഞൻ പാറകൾക്കിടയിലൂടെ താഴേക്ക് ഇറങ്ങി. ആദ്യം ഒന്ന് മിഴിച്ചു നിന്നുകൊണ്ട് , നമ്മക്കിതു വേണോ എന്ന് ചോദിച്ച വക്കീൽ, പിന്നീട് എന്തേലും ആവട്ടെ എന്ന് പറഞ്ഞു പുറകെ ഇറങ്ങി. അപ്രതീക്ഷിത നീക്കത്തിൽ നമ്മുടെ പ്രൊഫസർ ചെറുതായി ഒന്ന് പതറി, കൂടെ ബസ് കയറാൻ തോന്നിയ ആ ഒരു നിമിഷത്തെ ശപിച്ചു കൊണ്ട് അദ്ദഹവും ഇറങ്ങി വന്നു. പ്രകൃതിയോട് ആയാലും ഇണയോടായാലും പ്രണയം മനുഷ്യനെ ധീരനാക്കും എന്നത് എത്ര ശരിയാണ് !
വനം അതിന്റെ എല്ലാ അർത്ഥത്തിലും ഭാവത്തിലും ഞങ്ങളുടെ മുന്നിൽ പരന്ന് കിടന്നു .ഇരുൾമൂടിയ വഴികൾ, പാറയെക്കാൾ വലുപ്പമുള്ള വേരുകൾ , നിലം ചുംബിച്ചു നിൽക്കുന്ന വൃക്ഷ ശിഖിരങ്ങൾ, എല്ലാം കൊണ്ടും ഭീകരത നിറഞ്ഞു നിന്ന അന്തരീക്ഷം.
കുത്തനെയുള്ള ഇറക്കങ്ങൾ ചെന്ന് നിന്നത് അഗാധമായ താഴ്ചകളുടെ അറ്റങ്ങളിൽ ആയിരന്നു. കടപുഴകി വീണ മരങ്ങൾ ചാടി കടന്നും, പാറ പാകിയ ഇറക്കങ്ങൾ അള്ളിപ്പിടിച്ചുകൊണ്ട് വലിഞ്ഞിറങ്ങിയും ഞങ്ങൾ ചിത്രമൂലയിലേക്ക് നീങ്ങി.
പാറയുടെ മുകളിൽ നിന്ന് കുതിച്ചു കുത്തി ഒഴുകുന്ന നേരിയ വെള്ളച്ചാട്ടം, മുന്നിൽ അഗാധമായ ഗർത്തം, ഒരു ചെറിയ പാറ ഇടുക്കിൽ ശിവലിംഗവും പൂജ ദ്രവ്യങ്ങളും, ആ ഇടുക്കിലേക്ക് കയറാൻ ഒരു പിരി കയറും . അതാണ് ചിത്രമൂല. സ്ഫടികം കണക്കെ ഒഴുകിയകലുന്ന ആ നീരുറവ ആണത്രേ സൗപർണിക നദിയുടെ ഉറവിടം. പരിശുദ്ധി എന്നതിന്റെ അവസാന വാക്ക്. ദാഹം അകറ്റി, ഒരു കുളിയും കഴിഞ്ഞു , ഞങ്ങൾ ചിത്രമൂലയിലേക്ക് കേറി.
ശാന്തതയുടെ പാരമ്യം ആണ് അവിടം. നേരെ ഒന്ന് ദൃഷ്ടി പായിച്ചാൽ, കാടും ,മലകളും, താഴ്വാരങ്ങളും , മൂകാംബിക ക്ഷേത്രവും കാണാം. പ്രകൃതിയുടെ വിശാലതക്ക് മുന്നിൽ, നാം ഒന്നുമല്ലന്ന ഒരു യാതാർഥ്യബോധം നമ്മുടെ ഉള്ളിൽ ജനിപ്പിക്കാൻ ആ ഒരു കാഴ്ച ധാരാളം. സായാഹ്‌ന ചക്രവാളത്തെ, മഴത്തുള്ളികൾക്ക് ഇടയിലൂടെ, അവിടെ ഇരുന്നു ഒരു വട്ടം ഒന്ന് കാണാൻ ശ്രമിക്കുക. സ്ത്രീപുരുഷ ശരീരത്തിന്റെ ഇടുങ്ങിയ സൗന്ദര്യസങ്കല്പങ്ങളിൽ, ലൈംഗീകതയുടെ പ്രാഥമ്യമായി പ്രണയത്തെ കണ്ട ഒരു സമൂഹം, അതിന്റെ മിഥ്യാബോധത്തെ മാറ്റി എഴുതേണ്ടി വരും. കാരണം ആ കാഴ്ചയും നിങ്ങളിൽ ഉണർത്താൻ ഇരിക്കുന്നത് പ്രണയമാണ്. വ്യവസ്ഥകൾ ഇല്ലാതെ, ശാരീരിക ക്ലിപ്തതകൾക്ക് മുകളിൽ നിൽക്കുന്ന ശ്രേഷ്ഠമായ പ്രണയം .
മനുഷ്യ മനസ്സിന്റെ താഴ്വാരങ്ങളിൽ മത്സരവും, വിദ്വേഷവും നിറച്ചു കൊണ്ടിരിക്കുന്ന ജീവിത പാച്ചലിനിടയിൽ, വല്ലപ്പോഴും ഇങ്ങനെ ഒരു യാത്ര പോവണം, നാം എത്ര നിസ്സാരരാണ് എന്ന യാഥാർഥ്യം ,ഒന്ന് അറിഞ്ഞു മനസ്സിലാക്കാൻ വേണ്ടി മാത്രം
No comments:
Post a Comment